മലബാറിന്‍റെ പുതുപ്രതീക്ഷയായി രാമനാട്ടുകര ടെക്നോളജി പാര്‍ക്ക്
വിവരസാങ്കേതികവിദ്യാ വ്യവസായ രംഗത്ത് മലബാറിന്‍റെ പുതുപ്രതീക്ഷയാണ് വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കോഴിക്കോട് രാമനാട്ടുകരയിലുള്ള കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്. ഇതിന്‍റെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജൂണ്‍ 13 ന് ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക് സ്റ്റാന്‍റേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യും.
2021 ഡിസംബര്‍ മാസത്തില്‍ വ്യവസായ വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബേപ്പൂര്‍ മണ്ഡലത്തിലെ രാമനാട്ടുകരയില്‍ കിന്‍ഫ്ര ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിലുള്ള തടസ്സങ്ങള്‍ നീങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് അന്തിമ ധാരണയായത് ആ യോഗത്തില്‍ വെച്ചായിരുന്നു.
2022 ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ജനങ്ങള്‍ കാത്തിരുന്ന കിന്‍ഫ്ര ടെക്നോളജി പാര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇഛാശക്തിയില്‍ യാഥാര്‍ത്ഥ്യമായി.
27 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്. പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍തോതില്‍ തൊഴില്‍ ലഭിക്കും.